ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് വിദേശശക്തികളുടെ പിടിയില്‍ നിന്ന് വിമോചിതരായ മറ്റ് പല രാജ്യങ്ങളിലും ഇന്ന് ജനാധിപത്യവും രാഷ്‌ട്രീയ സുസ്ഥിരതയും ഓര്‍മ മാത്രമാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിത്യ രാജ്യവും കെട്ടുറപ്പുള്ള ദേശരാഷ്‌ട്രവുമായി തുടരുന്നതിന് നാം ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത് നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടാണ്. രാഷ്‌ട്രനിര്‍മാണത്തെ കുറിച്ച് ആധുനികമായ അവബോധവും ദീര്‍ഘവീക്ഷണവും നമ്മുടെ രാഷ്‌ട്രശില്‍പ്പിക്ക് കൈമുതലായി ഉണ്ടായിരുന്നതു കൊണ്ടാണ് ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയെ ഏകോപിപ്പിക്കാനും ഛിദ്രശക്തികളില്‍ നിന്ന് അകറ്റിനിര്‍ത്താനും സാധിച്ചത്. പക്ഷേ നെഹ്‌റുവിന് ഇന്നത്തെ ദേശരാഷ്‌ട്രങ്ങളുടെ സുരക്ഷയുടെ മുഖമുദ്രയായ സൈനിക ബലത്തോട് യാതൊരു ആഭിമുഖ്യവും ഉണ്ടായിരുന്നില്ല.
മഹാത്മാഗാന്ധിയുടെ ശിഷ്യനായ നെഹ്‌റുസൈന്യത്തെ ഒരു രാജ്യത്തിന്റെ ഭദ്രതയ്‌ക്ക് പരമപ്രധാനമായ ഘടകമായി കാണാതിരുന്നതില്‍ അത്ഭുതമില്ല. ചൈനയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നെഹ്‌റു സൈനിക പ്രതിരോധത്തെ രാഷ്‌ട്രങ്ങളുടെ സൗഹൃദം കൊണ്ട് പകരം വെക്കാനാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ നെഹ്‌റുവിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് 1962ല്‍ സുഹൃദ് രാജ്യമായി കരുതിപ്പെട്ടിരുന്ന ചൈന ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയെ ആക്രമിച്ചത്.
ഒന്നാം ചൈന-ഇന്ത്യ യുദ്ധം കഴിഞ്ഞ് ഒന്നര വര്‍ഷമാകുമ്പോഴേക്കും നെഹ്‌റു ലോകത്തോട് വിട പറഞ്ഞു. അതിര്‍ത്തികളില്‍ ഗാന്ധിയന്‍ അഹിംസാ മാര്‍ഗം അസാധ്യമായ ലോകത്താണ് നാം ജീവിക്കുന്നതെന്ന് നെഹ്‌റു തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ ജീവിത സായന്തനത്തിലാണ്. ഒരു രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് സൈന്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ മനസിലാക്കുന്നത് ചൈന ഇന്ത്യക്കു നേരെ നടത്തിയ ആക്രമണത്തിനു ശേഷമാണ്. പ്രതിരോധ ശക്തിക്കു വേണ്ടി വന്‍നിക്ഷേപമാണ് പിന്നീടുള്ള സര്‍ക്കാരുകള്‍ നടത്തിയത്.
ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സൈനികര്‍ മരിച്ചുവീഴുമ്പോള്‍ ഈ ചരിത്ര സ്‌മൃതികളാണ് മുന്നിലേക്ക് കടന്നുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ചൈനയുമായി സൗഹൃദം ശക്തിപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അതിര്‍ത്തിയിലെ മഞ്ഞുമേഖലകളില്‍ വീണ്ടും സൈനികര്‍ പരസ്‌പരം അടിച്ചും കല്ലെറിഞ്ഞും മൃതിയടയുന്നു.
1962ല്‍ തുടങ്ങിയതാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം. മനുഷ്യന് വാസയോഗ്യമല്ലാത്ത, അന്തരീക്ഷ ഊഷ്‌മാവ് മൈനസ് 40 ഡിഗ്രിയിലേക്ക് വരെ താഴുന്ന ഒരു പ്രദേശത്തിലെ വേലിക്കെട്ടുകള്‍ തങ്ങള്‍ക്കിഷ്‌ടമുള്ളതു പോലെ വേണമെന്നന്ന ഇരുപക്ഷത്തിന്റെയും ശാഠ്യമാണ് മനുഷ്യരെ ബലികൊടുക്കുന്ന ഏറ്റുമുട്ടലുകളിലേക്കും യുദ്ധങ്ങളിലേക്കും നീളുന്നത്. തീര്‍ത്തും അര്‍ത്ഥരഹിതവും പ്രാകൃതവുമായ അതിര്‍ത്തി വഴക്കാണ് പതിറ്റാണ്ടുകളായി അവിടെ നടക്കുന്നത്. ആധുനിക സമൂഹം ഇത്രയേറെ വളര്‍ന്നിട്ടും മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ നാം നിരന്തരം ഉരുവിടുമ്പോഴും സാധാരണ മനുഷ്യര്‍ ഒരിക്കലും ജീവിക്കാന്‍ ഇഷ്‌ടപ്പെടാത്ത മഞ്ഞുമലകളില്‍ ജീവന്‍ തൃണവല്‍ഗണിച്ച് അതിര്‍ത്തികള്‍ക്കു വേണ്ടി കുറെ മനുഷ്യര്‍ മരിച്ച് ജീവിക്കുകയോ ചിലപ്പോഴൊക്കെ മരിച്ചു വീഴുക തന്നെയോ ചെയ്യുന്നു.
ഇന്ത്യയ്‌ക്കെതിരെ മിക്കപ്പോഴും പ്രകോപനം സൃഷ്‌ടിക്കുന്നത് ചൈനയാണ്. ജനാധിപത്യം എന്തെന്ന് അറിഞ്ഞിട്ടുപോലുമില്ലാത്ത, ഇന്റര്‍നെറ്റിന് പോലും അതിര്‍ത്തികള്‍ കല്‍പ്പിച്ചിട്ടുള്ള, ഏകാധിപതികള്‍ വാഴുന്ന രാജ്യമാണ് ചൈന. അവിടെ നിന്ന് പ്രകോപനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. മനുഷ്യകുരുതിയുടെ എണ്ണം കൂട്ടാതെ പക്വതയോടെയും സഹിഷ്‌ണുതയോടെയും ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടത് ഇന്ത്യ തന്നെയാണ്.